സ്കൂട്ടർ മുതൽ ടിപ്പർ വരെ; വാഹനം ഏതായാലും സർവീസ് ചെയ്യാൻ ശ്രീധി റെഡി

വീടിന്‍റെ മുറ്റത്ത് തന്നെ വർക്ക്‌ ഷോപ്പ്, കുട്ടിക്കാലം മുതൽ വർക്ക്ഷോപ്പിലെ ജോലികൾ കണ്ടും, വർക്ക്ഷോപ്പിൽ കളിച്ചുമാണ് ശ്രീധി വളർന്നത്. സ്കൂളിൽ പഠിക്കുമ്പോഴും അച്ഛനെ സഹായിക്കാൻ ശ്രീധി വർക്ക്ഷോപ്പിലെത്തുമായിരുന്നു. പ്ലസ്ടു ആയപ്പോഴേക്കും തന്റെ കരിയർ മെക്കാനിക് മേഖലയിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇന്ന് വാഹനമേതായാലും ശ്രീധി അനായാസം സർവീസ് ചെയ്യും.

മകൾ വർക്ക്‌ഷോപ്പിലെത്തുന്നതിൽ പിതാവ് പ്രസാദിന് വലിയ താൽപ്പര്യമില്ലായിരുന്നു. ഏത് വിധേനയും ശ്രീധിയെ ഈ മേഖലയിൽ നിന്നും പിന്തിരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. അപകടമേറിയ ജോലിയാണ്, രാത്രി വൈകി ബ്രേക്ക്‌ ഡൗൺ സർവീസ് ചെയ്യുന്നതിനായി പോകേണ്ടി വരും, പുരുഷകേന്ദ്രീകൃത മേഖലയാണെന്നെല്ലാം ഉപദേശിച്ചെങ്കിലും അതൊന്നും ശ്രീധിയുടെ മനസ്സ് മാറ്റാൻ പോന്നവയായിരുന്നില്ല.

ഇടയാറന്മുള കൊല്ലംപടിക്കൽ കെ.എസ് പ്രസാദ് – ശ്രീലത ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ശ്രീധി. ഒരു സ്കൂട്ടറിൽ നിന്നും മെക്കാനിക് വർക്കുകൾ ചെയ്തു തുടങ്ങിയ ശ്രീധിയുടെ കൈകളിൽ ബൈക്ക് മുതൽ ടിപ്പർ വരെ വഴങ്ങും.