ഒരുവട്ടംകൂടി ഒത്തുകൂടി;വെട്ടിമാറ്റുംമുമ്പ് മാവിന് പൊന്നാട ചാർത്താൻ

തിരുവനന്തപുരം: രണ്ട് നൂറ്റാണ്ടിലേറെയായി ചെമ്പകമംഗലം ഗ്രാമത്തിന്‍റെ വിലാസം ദേശീയപാതയോരത്ത് തലയുയർത്തി നിന്ന ഒരു കൂറ്റൻ നാട്ടുമാവായിരുന്നു. നാട്ടുവഴികളും ഗ്രാമീണരും ഒത്തുകൂടിയിരുന്നത് ഈ മാവിൻ ചുവട്ടിലായിരുന്നു. തണൽ പരത്തി തലയുയർത്തി നിന്ന മാവിന്റെ ചുവട്ടിൽ തളിരിട്ട് വളർന്ന ജീവിത കഥകൾ നിരവധിയാണ്. നിറയെ പൂത്തുകായ്ക്കുന്ന മാവിലെ മാമ്പഴത്തിന്‍റെ മാധുര്യം ഓർമ്മയാവുകയാണ്.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി തോന്നയ്ക്കൽ ചെമ്പകമംഗലത്തെ മാവും വഴിയോരത്തെ മുറിച്ചുമാറ്റുന്ന മരങ്ങളിൽ ഉൾപ്പെടും. 1917-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്‍റെ ഷഷ്ഠിപൂർത്തി ദിനത്തിൽ സ്ഥാപിച്ച ചുമടുതാങ്ങിയുമുണ്ട് ഇതിനടുത്തായി. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിനടുത്തുള്ള ചെമ്പകമംഗലത്തെ ജനങ്ങളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതാണ് ഈ മുത്തശ്ശി മാവും ചുമടുതാങ്ങിയും.

വേരുകൾ അറ്റുപോകാത്ത സ്നേഹത്തണലായിരുന്ന പ്രിയ മാവിന് യാത്രാമൊഴി നൽകാൻ നാട്ടുകാർ ഒരുവട്ടംകൂടി ഒത്തുകൂടി. ഉത്സവാന്തരീക്ഷമൊരുക്കി കഥകൾ പറഞ്ഞും കവിത ചൊല്ലിയും ചിത്രംവരച്ചും ചെരാതുകൾ തെളിച്ചും വികാരഭരിതരായി അവർ മുത്തശ്ശി മാവിന് വിടനൽകി. മാവിന്റെയും ചുമടുതാങ്ങിയുടെയും ജീവചരിത്രം രചിച്ച് പൊന്നാട ചാർത്തി. വി.ശശി എം.എൽ.എ, കവി വി.മധുസൂദനൻ നായർ എന്നിവരുൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒരു ദിവസം നീണ്ടുനിന്ന മഹാസംഗമത്തിൽ പങ്കെടുത്തു. മാവ് ഇനിയില്ലെങ്കിലും അത് നൽകിയ മധുരമേറിയ നാട്ടുമാങ്ങയുടെ രുചി ഓരോ ചെമ്പകമംഗലത്തുകാരന്റെയും നാവിലും മനസ്സിലുമുണ്ടാകും.