സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷ് ആർഎസ്എസിന്റെ കൈകളിൽ കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേസ് ബി.ജെ.പി നേതാക്കളിലേക്ക് എത്തിയതോടെയാണ് സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയ്ക്ക് ആർഎസ്എസ് എൻജിഒയിൽ ജോലി നൽകിയത് ദുരൂഹമാണ്. നിയമസഭയിൽ ഭൂരിപക്ഷമുള്ളിടത്തോളം കാലം ഭരിക്കും. ഇതൊരു മുന്നറിയിപ്പാണെന്നും തീക്കളി നിർത്തണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സ്വപ്ന സുരേഷ് പലപ്പോഴായി മൊഴി മാറ്റുന്നുണ്ട്. ഇപ്പോൾ അവർ സർക്കാരിന് എതിരാണ്. സ്വപ്ന ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ കളിപ്പാവയാണെന്നും ഓരോ വിളിച്ചുപറയലുകളും അതിന്റെ പേരിലാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.