യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും, മരണത്തിന്റെയും ഓർമ്മ പുതുക്കാൻ വീണ്ടുമൊരു ദുഃഖ വെള്ളി

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും, മരണത്തിന്റെയും ഓർമ്മ പുതുക്കാൻ വീണ്ടുമൊരു ദുഃഖ വെള്ളി ദിനം കൂടി വന്നെത്തുകയാണ്.

കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവൻ ബലി അർപ്പിച്ച്‌ ക്രിസ്തുവിന്റെ ഓർമ്മയ്ക്കായാണ് ലോകമെമ്ബാടുമുള്ള ക്രൈസ്തവർ ദുഃഖ വെള്ളി ദിനം ആചരിക്കുന്നത്. മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു വിവിധ പീഡകള്‍ സഹിച്ച്‌ കുരിശില്‍ മരിച്ചത്. കുരിശു മരണത്തിലൂടെ യേശു മാനവരാശിയ്ക്ക് നല്‍കിയ പുതു ജീവന്റെ ഓർമ്മ പുതുക്കല്‍ കൂടിയായാണ് ദുഃഖ വെള്ളി ആചരിക്കാറുള്ളത്. ഇംഗ്ലീഷില്‍ ഈ ദിനം ഗുഡ് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, യേശുവിനെ കുരിശിലേറ്റിയ ദിവസം നമുക്ക് ദുഃഖ വെള്ളിയാണ്. ഇത്തരത്തില്‍ ഭാഷാപരമായി വന്ന അർത്ഥവ്യത്യാസത്തെക്കുറിച്ച്‌ അറിയാം.

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്‌ പാശ്ചാത്യരാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്സ് ഫ്രൈഡേ (God’s Friday) അഥവാ ദൈവത്തിന്റെ ദിനം എന്ന വാക്കാണ് ഗുഡ് ഫ്രൈഡേ എന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഹോളി ഫ്രൈഡേ (വിശുദ്ധ വെളളി), ഗ്രേറ്റ് ഫ്രൈഡേ (വലിയ വെളളി), ഈസ്റ്റർ ഫ്രൈഡേ (ഈസ്റ്റര്‍ വെളളി), ബ്ലാക്ക് ഡേ (കറുത്തദിനം) എന്നിങ്ങനെ പല രാജ്യങ്ങളിലായി ദുഃഖ വെള്ളി അറിയപ്പെടുന്നുണ്ട്. അമേരിക്ക അടക്കം മിക്ക രാജ്യങ്ങളും ഗുഡ് ഫ്രൈഡേ എന്നാണ് ഉപയോഗിച്ച്‌ വരുന്നത്. പക്ഷേ ജര്‍മ്മനിയില്‍ സോറോഫുള്‍ ഫ്രൈഡേ (ദുഃഖ വെളളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. യേശുവിന്റെ പീഢാ സഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മലയാളത്തിലും ജർമ്മനിയിലും ഈ ദിനം ദുഃഖ വെളളി എന്ന പേരില്‍ ആചരിക്കുന്നത്. പെസഹ വ്യാഴത്തിനു ശേഷം യേശു യാതനകളും പീഢകളും മനുഷ്യകുലത്തിനു വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓർമ്മ പുതുക്കാനായാണ് ക്രൈസ്തവര്‍ ദുഃഖ വെളളിയെന്ന് ഉപയോഗിക്കുന്നത്. മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു കുരിശില്‍ സഹിച്ച പീഢകളെല്ലാം. അതുകൊണ്ടുതന്നെ യേശുവിന്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ത്ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്ന് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.