പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച ഗോപിക ഇന്ന് എംബിബിഎസ് വിദ്യാർത്ഥി

പാലക്കാട്: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് രണ്ട് ആണ്ട് പൂർത്തിയാകുന്നു. ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് വിലപിച്ചവരുടെ മുഖങ്ങൾ കേരളത്തിന്‌ എളുപ്പം മറക്കാനാകില്ല. അപകടത്തിൽ അച്ഛനും, അമ്മയും നഷ്ടപെട്ട ഗോപിക ഇന്ന് ദുഃഖങ്ങൾ അതിജീവിച്ച് തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. പാലക്കാട് മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിയാണ് ഗോപിക ഇപ്പോൾ.

അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബത്തിലെ 24 പേരെയാണ് ഗോപികയ്ക്ക് നഷ്ടമായത്. എന്നാൽ കോളേജിൽ പ്രവേശനം നേടുമ്പോൾ ഒരു നാടിന്‍റെയാകെ സ്വപ്നങ്ങളും, പ്രതീക്ഷകളും മാത്രമായിരുന്നു ആ പെൺകുട്ടിയുടെ മനസ്സിൽ.അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങൾ സഫലമാകുന്നതിനായുള്ള ആദ്യപടിയാണിതെന്നും ഗോപിക പറയുന്നു.

അധ്യാപകരും, സുഹൃത്തുക്കളുമെല്ലാം സഹായത്തിനുണ്ടായിരുന്നു. ബന്ധുക്കളുടെ, വീടുകളിലും, ഹോസ്റ്റലിലുമായാണ് ഗോപിക താമസിക്കുന്നത്. പെട്ടിമുടിയിൽ നിന്നുള്ള ആദ്യ മെഡിക്കൽ വിദ്യാർത്ഥി കൂടിയാണ് ഗോപിക.