മരണത്തിലും മാതൃകയായി ഗോപിക ടീച്ചർ; അവയവദാനത്തിലൂടെ ജീവിതം തിരിച്ചുകിട്ടിയത് മൂന്നുപേർക്ക്

തിരുവനന്തപുരം: മരണത്തിലും മാതൃകയായിരിക്കുകയാണ് ഗോപിക ടീച്ചർ. തന്‍റെ മരണത്തിലൂടെ ഏഴു പേർക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ഗോപിക ടീച്ചർ. കുടുംബത്തെപ്പോലെ തന്നെ ശാസ്തമംഗലം ആര്‍.കെ.ഡി. എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാവുന്നതിലുമപ്പുറമാണ് ടീച്ചറുടെ വിയോഗം.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതമുണ്ടായാണ് വലിയവിള കുണ്ടമണ്‍കടവ് സ്വദേശിനി ഗോപികാറാണി എന്ന ഗോപിക ടീച്ചര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്ന് ആരോഗ്യനില മോശമായി തുടരുകയും മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.

ഒരു അധ്യാപികയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്‌നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങള്‍ നിര്‍ലോഭം പകര്‍ന്നു നല്‍കുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് പ്രദീപ് കുമാറും മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ഏകകണ്ഠമായെടുത്ത അവയവദാനം എന്ന തീരുമാനം ഏഴുപേരുടെ ജീവിതമാണ് മടക്കി നല്‍കുന്നത്.

കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, രണ്ട് ഹൃദയ വാൽവുകൾ എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യുന്നത്. കരള്‍ കിംസ് ആശുപത്രിയിലും വൃക്കകള്‍ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കല്‍ കോളേജിലും ഹൃദയ വാല്‍വ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്.