മാലിന്യത്തിൽ നിന്ന് ലഭിച്ച സ്വർണ്ണമാലയും കമ്മലും ഉടമയെ ഏൽപ്പിച്ച് ഹരിത കർമ്മസേന

മലപ്പുറം: ശേഖരിച്ച മാലിന്യം പതിവുപോലെ വേർതിരിക്കുമ്പോഴാണ് ഒരു സ്വർണ്ണ മാല, മൂന്ന് ജോഡി കമ്മലുകൾ, പിന്നെ ഒരു വെള്ളി മോതിരം എന്നിവ ഹരിത കർമ്മസേനയുടെ കണ്ണിൽ പെടുന്നത്. മലപ്പുറം ജില്ലാംഗങ്ങൾ കൃത്യമായി ഇവയെല്ലാം ഉടമയെ ഏൽപ്പിച്ച് അഭിനന്ദനാർഹരാവുകയും ചെയ്തു.

20 ദിവസം മുൻപ് പുൽപ്പറ്റ പഞ്ചായത്തിലെ 11ആം വാർഡിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് ആഭരണങ്ങൾ ലഭിച്ചത്.

മാലിന്യങ്ങളിൽ നിന്ന് ആഭരണം ലഭിച്ചയുടൻ തന്നെ ഹരിതകർമ്മ സേനാംഗങ്ങൾ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും  വൈകാതെ ഉടമയായ അനുഷയെ കണ്ടെത്തി ആഭരണങ്ങൾ കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അനുഷ. 

ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിക്കാനും ആദരിക്കാനും അനുഷ മറന്നില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നുസ്റീന മോൾ അധ്യക്ഷത വഹിച്ച ആദര ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൗക്കത്ത് വളച്ചട്ടിയിൽ, വാർഡ് മെമ്പർ പി.പി.ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറി എ.ആരിഫുദ്ദീൻ, അസിസ്റ്റന്‍റ് സെക്രട്ടറി പി.പ്രദോഷ് എന്നിവർ പങ്കെടുത്തു.