ട്രെയിൻ യാത്രക്കിടെ കാണാതായി! ഏഴ് ദിവസത്തിന് ശേഷം നടന്ന് വീട്ടിൽ എത്തി അനിൽ
പാലക്കാട് മുതൽ തിരുവല്ല വരെ നടക്കുമ്പോൾ അനിലിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു കുപ്പി വെള്ളവും, ജാതിക്കയും, പുളിയും മാത്രം. ബസ് സ്റ്റാൻഡുകളിലും, റെയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങി. പത്തനംതിട്ട മാത്തൂർ മയിൽനിൽക്കുന്നതിൽ കുഞ്ഞുചെറുക്കന്റെയും, പൊടിപ്പെണ്ണിന്റെയും മകൻ ട്രെയിൻ യാത്രക്കിടെ കാണാതായെന്ന വാർത്ത നാടറിഞ്ഞ് തുടങ്ങിയിരുന്നു. ഒടുവിൽ 7 ദിവസത്തിന് ശേഷം അനിൽ വീട്ടിലെത്തി.
സഹോദരി ഉഷയുടെ മകളെ ആന്ധ്രാപ്രദേശിൽ നഴ്സിംഗിന് ചേർക്കാൻ ഭാര്യ രാജിയെയും, മകൾ അഞ്ജുവിനെയും കൂട്ടി പുറപ്പെട്ടതായിരുന്നു അനിൽ. ജീവിതത്തിൽ ആദ്യമായി ട്രെയിനിൽ കയറിയ അനിൽ തിരക്ക് മൂലം മറ്റൊരു കോച്ചിൽ ഒറ്റപ്പെട്ടു. കാട്പാടി സ്റ്റേഷനിൽ ഇറങ്ങിയ അനിലിന് തിരിച്ച് കയറാനുമായില്ല. പിറ്റേന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് അനിലിനെ കാണാതായ വിവരം മറ്റുള്ളവർ അറിയുന്നത്. അനിലിന് ഫോൺ ഇല്ലാത്തതും പ്രതിസന്ധിയായി.
കാട്പാടി സ്റ്റേഷനിലെത്തി വീട് പത്തനംതിട്ടയിലാണെന്നറിയിച്ചപ്പോഴേക്കും അനിൽ മാനസികമായി തളർന്നിരുന്നു. പൊലീസ് നൽകിയ 200 രൂപയുമായി പാലക്കാട് വരെ എത്തി. അവിടെ നിന്ന് വീട്ടിലേക്ക് നടന്ന് തുടങ്ങി.5 ദിവസത്തോളം നടന്ന് ആറന്മുളയിൽ എത്തിയ അനിലിനെ പരിചയക്കാരനായ ജിജോ ആണ് തിരിച്ചറിഞ്ഞത്.