വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ച് ആരോഗ്യ വകുപ്പ്

തൃശൂർ: തൃശൂർ വനമധ്യത്തിലെ മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗർഭിണികളെ വനത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ആരോഗ്യപ്രവർത്തകരും പോലീസും വനംവകുപ്പും ചേർന്ന് നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. കനത്ത മഴയിൽ വനത്തിന് നടുവിൽ കുടുങ്ങിയ ഇവരെ വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ കാട്ടിൽ വെച്ച് തന്നെ പെൺകുഞ്ഞിന് ജൻമം നൽകി. കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് റിസർവോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് പ്രസവചികിത്സ നൽകിയത്. അമ്മയ്ക്ക് ഉയർന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാൻ തയ്യാറായില്ല. ഡി.എം.ഒയും ഡി.എസ്.ഒയും നേരിട്ട് കോളനിയിലെത്തി ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗർഭിണികളുടെ സുരക്ഷ കോളനിയിൽ തന്നെ ഉറപ്പാക്കി.