ചൊക്രമുടി കയറി സ്വപ്നം കണ്ടു; ഒടുവിൽ എവറസ്റ്റ് കീഴടക്കി യുവാവ്

കുടിയേറ്റ ഗ്രാമമായ ബൈസൺ വാലിയുടെ , ഏത് ഭാഗത്ത് നിന്നും കാണാൻ കഴിയുന്ന ഏറ്റവും ഉയരമേറിയ മലയാണ് നാട്ടുകാർ സ്നേഹപൂർവ്വം ചൊക്കൻമല എന്ന് വിളിക്കുന്ന ചൊക്രമുടി. ചൊക്രമുടി കയറിയിറങ്ങാറുള്ള സുധീഷിന് മലകയറ്റം ഒരു ആവേശം തന്നെയായിരുന്നു.

ബൈസൺവാലി പുല്ലൻപ്ലാവിലെ സുധീഷ് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതടക്കം നിരവധി പ്രതിസന്ധികളാണ് ജീവിതത്തിൽ നേരിട്ടത്. കുന്നോളം സ്വപ്നങ്ങൾ കണ്ട സുധീഷ് തന്റെ സാഹസികതയിലൂടെയാണ് പ്രതിസന്ധികളെല്ലാം അതിജീവിച്ചത്.

സുധീഷും ഇളയച്ഛൻ മനോജും ഇപ്പോൾ മറ്റൊരു ലക്ഷ്യം നേടിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ശേഷം തിരികെയെത്തി എന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. കുറഞ്ഞത് 14 ദിവസമെങ്കിലും ബേസ് ക്യാമ്പിലേക്കുള്ള യാത്രക്ക് ആവശ്യമാണെങ്കിലും 7 ദിവസത്തിനുള്ളിൽ ബേസ് ക്യാമ്പിലെത്തി മടങ്ങിയാണ് അവർ ശ്രദ്ധ നേടിയത്.