കടലില്‍ കഴിഞ്ഞത് 11 ദിവസം; മത്സ്യത്തൊഴിലാളിക്ക് രക്ഷകനായത് ഫ്രീസർ
സാവോപോളോ: അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ 11 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. വടക്കന്‍ ബ്രസീലിലെ അമാപാ സംസ്ഥാനത്തിലെ ഒയാപോക്കില്‍ നിന്ന് ഒരു തടി ബോട്ടില്‍ ഇലെറ്റ് ലാ മേറിലേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു 44കാരനായ റൊമുവാള്‍ഡോ മാസിഡോ റോഡ്രിഗസ്. എന്നാല്‍ ബോട്ടില്‍ വെള്ളം കയറി മുങ്ങിയതോടെ റൊമുവാള്‍ഡോ കടലില്‍ ഒറ്റപ്പെട്ടു. 11 ദിവസത്തോളമാണ് മരണത്തെ മുഖാമുഖം കണ്ട റോഡ്രിഗസ് കടലില്‍ ജീവനും മുറുകെ പിടിച്ച് കഴിഞ്ഞത്.
ബോട്ട് മുങ്ങിയതിനാൽ ബോട്ടിലുണ്ടായിരുന്ന ഒരു ഫ്രീസറിന് മുകളിലാണ് ഭക്ഷണും വെള്ളവും ഇല്ലാതെ റോഡ്രിഗസ് കഴിഞ്ഞത്. 11 ദിവസം കഴിഞ്ഞപ്പോൾ ഭാഗ്യവശാല്‍, കടലില്‍ പൊങ്ങിക്കിടക്കുന്ന ഫ്രീസര്‍ കണ്ട മറ്റൊരു ബോട്ടിലെ നാവികര്‍, അത് പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് അവര്‍ റൊമുവാള്ഡോയെ കണ്ടത്. ഉടന്‍ തന്നെ നാവികര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.