വായ്പയ്ക്കായി അലഞ്ഞത് 3 മാസം; തവിടിൽ നിന്ന് പ്ലേറ്റ് നിർമ്മിച്ച് വിനയ് ബാലകൃഷ്ണൻ

കൊല്ലം: പരിസ്ഥിതി സൗഹൃദ പ്ലേറ്റ് നിർമ്മാണ സംരംഭം സാക്ഷാത്കരിക്കാൻ മൂന്ന് മാസത്തോളം ബാങ്കുകളിൽ കയറിയിറങ്ങേണ്ടി വന്നു വിനയ് ബാലകൃഷ്ണന്. വായ്പ നൽകാനാവില്ലെന്നറിയിച്ച് ഒരു ബാങ്ക് കത്ത് നൽകി. മറ്റ് ബാങ്കുകളിലും കയറിയിറങ്ങി മനസ്സ് മടുത്ത അദ്ദേഹം എം.എസ്.എം.ഇ ചാമ്പ്യൻസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

24 മണിക്കൂറിനുള്ളിൽ റഫറൻസ് നമ്പർ ലഭിച്ചു. വായ്പ എത്ര വേണമെന്ന ചോദ്യവുമായി അടുത്ത 24 മണിക്കൂറിനുള്ളിൽ ബാങ്കുകളിൽ നിന്ന് ഫോൺ കോളുകളുമെത്തി തുടങ്ങി. അങ്ങനെ കാക്കനാട് സ്വദേശിയായ അദ്ദേഹം തവിടിൽ നിന്ന് പ്ലേറ്റ് നിർമ്മിച്ച് വില്പനയാരംഭിച്ചു.

ഒരു മാസം ഏകദേശം 7,000 ടൺ അവശിഷ്ടം അസംസ്കൃത വസ്തുവായി അങ്കമാലിയിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കും. ഇതിലൂടെ തയ്യാറാക്കുന്ന പ്ലേറ്റിൽ ഒരു മണിക്കൂർ വരെ ഭക്ഷണം വിളമ്പി വെക്കാം. കറിയും കൂട്ടി പ്ലേറ്റും കഴിക്കാം. കൂടാതെ പശുവിന് നൽകാനും, വളമാക്കാനും സാധിക്കും. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന തവിടിൽ നിന്ന് സ്ട്രോ, ചോള സ്റ്റാർച്ച് ഉപയോഗിച്ച് കാരി ബാഗുകൾ എന്നിവയുടെ നിർമ്മാണവും മനസ്സിലുണ്ട്. പരിസ്ഥിതി സൗഹാർദത്തെക്കുറിച്ച് നാം വാചാലരാവുന്നുണ്ടെങ്കിലും ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാരേറെയുള്ളത് ഉത്തരേന്ത്യയിൽ നിന്നാണെന്ന് വിനയ് ബാലകൃഷ്ണൻ പറയുന്നു.