പ്രതീക്ഷയോടെ കാത്തിരുന്നു! തട്ടിക്കൊണ്ടുപോയ മകളെ 51വർഷത്തിന് ശേഷം കണ്ടെത്തി ഒരമ്മ

അമ്പതു വർഷങ്ങൾക്കു മുൻപ് കുഞ്ഞിനെ നോക്കാനെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോയ കുട്ടി വീട്ടിൽ തിരിച്ചെത്തി.1971ലാണ് മെലിസ ഹൈസ്മിത്തിനെ ടെക്സാസിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ആയയെ വേണമെന്നുള്ള അമ്മ ആൾട്ടാ അപ്പാന്റെകോ നൽകിയ പരസ്യം കണ്ടെത്തിയ സ്ത്രീയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. കുട്ടിയെ കാണാതായതു മുതൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 

പോലീസ് കേസ് മറന്നെങ്കിലും എല്ലാ നവംബറിലും മകളുടെ ജന്മദിനം ആഘോഷിച്ചും,കുഞ്ഞിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലുൾപ്പെടെ തിരഞ്ഞും അവർ കാത്തിരുന്നു.ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ കുഞ്ഞിനെ കാണാതായ സ്ഥലത്ത് നിന്ന് 1,100 മൈൽ അകലെയുള്ള ചാൾസ്റ്റണിലാണ് നിങ്ങളുടെ കുഞ്ഞ് എന്നൊരജ്ഞാതന്റെ സന്ദേശം അവരെ തേടിയെത്തി.

നിയമസഹായ ഏജൻസിയുടെ സഹായത്തോടെ ഡിഎൻഎ പരിശോധനയിലൂടെയാണ്,മെലിസയാണെന്ന് കുടുംബം സ്ഥിരീകരിച്ചത്.ജനിച്ച സമയത്ത് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകളും അൻപത് വർഷത്തിന് ശേഷം മകളെ തിരിച്ചറിയാൻ ആ അമ്മയെ സഹായിച്ചു. അൾട്ടയുടെ പള്ളിയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച അൻപതു വർഷങ്ങൾക്ക് ശേഷം മെലിസ തന്‍റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടുമുട്ടി.ജോലിക്ക് പോകണമെന്ന തന്റെ ആഗ്രഹം മൂലമാണ് കുട്ടിയെ നഷ്ടപ്പെട്ടതെന്നും,കുട്ടി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നെല്ലാമുള്ള കുറ്റപ്പെടുത്തലുകൾക്കിടയിലും തന്നെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കാത്ത ആൾട്ടക്ക് മെലിസ നന്ദി പറയുകയും ചെയ്തു.