2021-22ൽ ബാങ്കുകൾ 1,74,966 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി; 33,534 കോടി തിരിച്ച് പിടിച്ചു

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ 1,74,966 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടാക്കടത്തില്‍നിന്ന് 33,534 കോടി രൂപ ബാങ്കുകൾ വീണ്ടെടുത്തതായും കേന്ദ്ര സർക്കാർ അറിയിച്ചു.

ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകളുടെയും തിരിച്ച് പിടിച്ചതിന്റെയും മുഴുവൻ വിശദാംശങ്ങളും ഇടത് എംപി ആവശ്യപ്പെട്ടു.

10 കോടിക്കും അതിന് മുകളിലുമുള്ള വായ്പകൾ എഴുതിത്തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിശദാംശങ്ങളും, പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്പ തിരിച്ചടയ്ക്കാത്ത 25 പേരുടെ വിശദാംശങ്ങളും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരുന്നു.