ദുബായിൽ ലിഫ്റ്റിൽ നിന്നു ലഭിച്ച 2 കോടി തിരികെ നൽകി മാതൃകയായി ഇന്ത്യൻ യുവാവ്
ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കിട്ടിയ രണ്ട് കോടിയിലധികം രൂപ പൊലീസിന് കൈമാറി ഇന്ത്യൻ യുവാവ്. അൽ ബർഷയിൽ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് എന്നയാൾക്കാണ് താൻ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് പണം ലഭിച്ചത്.
ഉടൻ തന്നെ സ്റ്റേഷനിലെത്തി ഇയാൾ പണം കൈമാറിയെന്ന് അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ അബ്ദുൽ റഹീം ബിൻ ഷാഫി പറഞ്ഞു. താരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. പോലീസ് താരിഖിനെ അനുമോദന പ്രശംസാപത്രം നൽകി ആദരിച്ചു. സമൂഹവും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ വ്യക്തികളെ ദുബായ് പോലീസ് ഇങ്ങനെ ആദരിക്കാറുണ്ട്. ഇത്തരം നിരവധി സംഭവങ്ങൾ ഈ വർഷം ഉണ്ടായിട്ടുണ്ട്. ഫിലിപ്പൈൻസിൽ നിന്നുള്ള അഞ്ച് വയസ്സുകാരനായ നിഗൽ നെർസ് അടുത്തിടെ ഖിസൈസിൽ നിന്ന് കണ്ടെത്തിയ 4,000 ദിർഹം പൊലീസിന് കൈമാറിയിരുന്നു.