വെറും മനോഹരൻ അല്ല, ഡോ. മനോഹരൻ; ഈ ഓട്ടോക്കാരന്റെ പിഎച്ച്ഡിക്ക് ഇരട്ടി മധുരം

മുണ്ടക്കയം: വിദ്യാധനം സർവധനാൽ പ്രധാനമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ധനമില്ലാത്തതിനാൽ വിദ്യ നേടാൻ കഴിയാത്ത നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ഇടയിലാണ് മുണ്ടക്കയത്തെ ഓട്ടോ തൊഴിലാളിയായ മനോഹരന് ലഭിച്ച പിഎച്ച്ഡി ബിരുദത്തിന് തിളക്കമേറുന്നത്. ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്തും സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി പൂർത്തിയാക്കിയ ഈ ദളിത് യുവാവ് ഇപ്പോൾ കോളേജ് അധ്യാപകനാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഓട്ടത്തിലാണ്. കേരള സർവകലാശാലയിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ മനോഹരൻ പി.എച്ച്.ഡി നേടിയത്.

സർക്കാർ ജോലി ലഭിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ പഠിച്ചാൽ അത് കഠിനമല്ലെന്നാണ് മനോഹരൻ പറയുന്നത്. പി.എച്ച്.ഡി നേടി, ഇനി അധ്യാപകനാകുക എന്ന സ്വപ്നത്തിലേക്കാണ് മനോഹരന്റെ പ്രയത്നം. ഓട്ടോ ഓടിച്ച് ജീവിക്കുന്നതിനിടയിലുള്ള പഠനം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കിയെന്ന് പറയുമ്പോളും അതൊന്നും ഈ ചെറുപ്പക്കാരന്റെ പഠനത്തെ ബാധിച്ചിട്ടില്ല.

കൂലിപ്പണിയും, വാർക്കപ്പണിയുമൊക്കെ ചെയ്താണ് മനോഹരൻ പണം സമ്പാദിച്ചിരുന്നത്. പിന്നീട് ഓട്ടോ ഡ്രൈവറായി. മോശം സാമ്പത്തിക സാഹചര്യങ്ങൾ കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. അതിനാൽ, പഠിക്കാൻ അവസരം ലഭിച്ചപ്പോൾ, ഏറ്റവും ഉന്നത വിദ്യാഭ്യാസം തന്നെ നേടണമെന്ന നിർബന്ധമാണ് തന്റെ നേട്ടത്തിന് കാരണമെന്ന് മനോഹരൻ പറഞ്ഞു.