കാർഡ് ബോർഡ് വിറ്റ് 23-ാം വയസിൽ ഔഡി കാർ വാങ്ങി ജാക്ക്

മലേഷ്യ: ഒരു വാഹനം എന്നത് എല്ലാ മനുഷ്യരുടേയും സ്വപ്നമാണ്. യുവാക്കളാണ് ഏറ്റവും വലിയ വാഹന പ്രിയർ. എന്നാൽ എല്ലാവർക്കും ചെറുപ്പത്തിൽ തന്നെ സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയണമെന്നില്ല. മലേഷ്യയിലെ ഒരു 26 കാരൻ തന്‍റെ സ്വപ്ന വാഹനം സ്വന്തമാക്കിയ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. 23-ാം വയസ്സിൽ ഔഡി കാറാണ് ജാക്ക് ഗാരേജിലെത്തിച്ചത്. ഇപ്പോൾ 26 കാരനായ ജാക്ക് ഔഡിയുടെ തന്നെ സ്പോർട്സ് കാറായ ടിടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

19 വയസ്സുള്ളപ്പോൾ, അച്ഛൻ നൽകിയ മൈവി ഹാച്ച്ബാക്ക് ഓടിച്ചാണ് ക്വാലാലംപൂരിൽ പഠിക്കാൻ എത്തിയത്. പിന്നീട്, ആ വലിയ നഗരത്തിൽ കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചു. നാല് വർഷം പ്രധാനമായും കാർഡ്ബോർഡുകൾ വിൽക്കുന്ന ജോലിയാണ് ചെയ്തത്, ജാക്ക് ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ സുഹൃത്തുക്കൾ പ്രശസ്തമായ സ്കൂളുകളിൽ പഠിക്കുകയും ആഡംബരത്തോടെ ജീവിതം നയിക്കുകയും ചെയ്തപ്പോൾ ജാക്കിന് സ്കൂൾ ഫീസിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടിവന്നു. എന്നാൽ കുറച്ച് പണം മിച്ചം പിടിക്കാൻ ജാക്ക് എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. 23 വയസ്സായപ്പോൾ, ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനുള്ള പണം ജാക്ക് മിച്ചം പിടിച്ചിരുന്നു. അങ്ങനെയാണ് ഒരു സെക്കൻഡ് ഹാൻഡ് ഔഡി കാർ വാങ്ങിയത്. ഒരു ലക്ഷം റിങ്കിറ്റിണ് ജാക്ക് അതിനായി ചെലവഴിച്ചത്. അങ്ങനെ ബിരുദം പൂർത്തിയാക്കിയപ്പോൾ, ജാക്ക് ഒരു ഓഡി ഉടമയായും മാറി. കഠിനാധ്വാനം വഴികാട്ടുമെന്നാണ് ജാക്ക് പറയുന്നത്.