ജയിൽ മോചിതരായവർക്ക് ജോലി; പുനരധിവാസത്തിന് നേതൃത്വം നൽകി പുരോഹിതൻ

ഒരു തവണ കുറ്റവാളിയായവരെ അംഗീകരിക്കുന്നതിൽ സമൂഹം വിമുഖതപ്പെടുന്നതായി കാണാം.ഇത്‌ മൂലം മെച്ചപ്പെട്ട ഒരു ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് അവർ മുൻപ് ചെയ്തിരുന്ന കുറ്റകൃത്യങ്ങളിലേക്കും,മോഷണങ്ങളിലേക്കും തിരിയാൻ നിർബന്ധിതരാവുന്നത്.

എന്നാൽ ഐസ്‍ലൻഡിലെ സൂപ്പർമാർക്കറ്റ് ശൃംഘലകൾ ജയിൽ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി വാഗ്ദാനം ചെയ്യുകയാണ്.ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ജയിൽ അധികൃതരുമായി ചർച്ചചെയ്ത് ഒപ്പു വെക്കുകയും ചെയ്തു. പുരോഹിതനായ പോൾ കൗലി ജയിലിന്റെ പുനരധിവാസ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് പുതിയ ആശയത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. മുൻപ് അദ്ദേഹവും ഒരു കുറ്റവാളിയായിരുന്നു. മോഷണകുറ്റത്തിന് തന്റെ 17ആം വയസ്സിൽ ആറ് മാസത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

അദ്ദേഹത്തിനിപ്പോൾ അറുപതിനോടടുത്ത് പ്രായമുണ്ട്. വിവിധ ജയിലുകൾ സന്ദർശിക്കാനും, തടവുകാരെ കാണാനും അദ്ദേഹം സമയം കണ്ടെത്തുന്നു. അടുത്തിടെ ജയിൽശിക്ഷ കഴിഞ്ഞെത്തിയ രണ്ട് വ്യക്തികൾ സൂപ്പർ മാർക്കറ്റിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് ഫാദർ പോൾ കൗലിയോട് ജോലി ലഭിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി എത്തി തുടങ്ങിയത്.