അനാഥരായ രോഗികൾക്ക് തണലേകി ജോയി; ആതുര സേവനത്തിന്റെ 27 വർഷങ്ങൾ
ആശുപത്രിയിൽ അനാഥരായി പോകുന്ന രോഗികൾക്ക് ജോയിയുടെ സംരക്ഷണവും, സ്നേഹവും ലഭിക്കാൻ തുടങ്ങിയിട്ട് 27 വർഷം പൂർത്തിയാവുന്നു. ഏകദേശം 250 ഓളം രോഗികൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അനാഥരായി കഴിയുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ജോയിയുടെ നന്മ ലോകം അറിഞ്ഞത്.
റിയാദിൽ എ.സി റിപ്പയറിംഗ് ഷോപ്പ് നടത്തിയിരുന്ന തിരൂർ കണ്ണനായ്ക്കൽ ജോയി 1995ലാണ് തന്റെ സേവനമാരംഭിക്കുന്നത്. 10 വർഷത്തോളം തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രവർത്തനം. 2005 ൽ മെഡിക്കൽ കോളേജ് മുളങ്കുന്നത്തേക്ക് മാറിയപ്പോഴും ജോയിയും ഒപ്പം ചേർന്നു. ‘ഫ്രണ്ട്‌സ് ഓഫ് ദി ഹംബിൾ’ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചാണ് പ്രവർത്തനം. സ്ത്രീരോഗികളെ പരിചരിക്കാനായി ഏതാനും കന്യാസ്ത്രീകളും എത്തും.
രോഗികൾക്കായുള്ള മരുന്നും, ഭക്ഷണപൊതികളുമായി രാവിലെ കൃത്യം 8 മണിക്ക് ആശുപത്രിയിൽ എത്തുന്ന അദ്ദേഹം, അവശരായ രോഗികളെ കുളിപ്പിക്കൽ, മുടിവെട്ടൽ, വസ്ത്രങ്ങളും കിടക്കകളും വൃത്തിയാക്കൽ എന്നീ സേവനങ്ങളും ചെയ്യും. ഡിസ്ചാർജ് ആകുന്ന രോഗികളെ കൊണ്ടുപോകാൻ ആരും ഇല്ലെങ്കിൽ അവരെ സർക്കാർ അംഗീകൃത പുനരധിവാസകേന്ദ്രത്തിൽ എത്തിച്ച ശേഷം മാത്രമായിരിക്കും വീട്ടിലേക്ക് മടങ്ങുന്നത്. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകുന്നു.