കാർത്തുവിനെയും,രോഹിണിയെയും പൊന്നുപോലെ വളർത്തി; കൃഷ്ണന് നൽകിയ വാക്ക് പാലിച്ച് അയിഷാബി

കാഞ്ഞങ്ങാട്: ഒൻപതും പതിനൊന്നും വയസ്സുള്ള കാർത്തുവിനെയും രോഹിണിയെയും അയിഷാബിയുടെ കൈകളിൽ ഏല്പിച്ച് അവരുടെ അച്ഛൻ പറഞ്ഞു ‘എന്റെ മക്കളെ പൊന്നുപോലെ നോക്കണം’. വേദനയോടെയുള്ള ആ അച്ഛന്റെ വാക്കുകൾ അയിഷാബി ഇത്രയും കാലം ഹൃദയത്തിൽ സൂക്ഷിച്ചു. വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ മകളെയും വിവാഹം കഴിച്ച് അയച്ചതിന്റെ നിർവൃതിയിലാണ് 70 വയസുള്ള ഈ വളർത്തുമ്മ.

കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ ‘അയിഷാസിൽ നിന്ന് രോഹിണി കല്യാണമണ്ഡപത്തിലേക്ക് എത്തിയപ്പോഴും, വിവാഹശേഷം വരനൊപ്പം കാറിൽ കയറിയപ്പോഴും ആ അമ്മക്ക് കണ്ണീർ അടക്കാനായിരുന്നില്ല. ‘എന്റെ പൊന്നുമോളാണ് പോകുന്നത് എനിക്കെങ്ങനെ കരയാതിരിക്കാനാകും’ എന്ന അയിഷാബിയുടെ വാക്കുകൾ കേട്ട് കൂടെ ഉണ്ടായിരുന്നവരുടെയും കണ്ണുനിറഞ്ഞു.

കാഞ്ഞങ്ങാട് പരേതനായ ടി എച്ച് അഹമ്മദ് ഹാജിയുടെ ഭാര്യയാണ് ഐഷാബി. ‘ആയിഷാസി’ൽ വീട്ടുജോലി ചെയ്തിരുന്ന ചന്ദ്രന്‍റെ സുഹൃത്തായ കരിക്കെ എള്ളുകൊച്ചിയിലെ തേർ എന്ന കൃഷ്ണന്റെ മക്കളാണ് കാർത്തുവും രോഹിണിയും. ചന്ദ്രൻ പറഞ്ഞാണ് കൃഷ്ണൻ അയിഷാബിയെക്കുറിച്ച് അറിയുന്നത്. അമ്മയില്ലാത്ത പെൺകുട്ടികൾ പട്ടിണിയിലായതോടെയാണ് കൃഷ്ണൻ അയിഷാബിയുടെ കൈകളിൽ മക്കളെ ഏല്പിച്ചത്.