എയർ പോട്ട് ഗാർഡനിംഗിലൂടെ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കി കട്ടപ്പനക്കാരൻ ബിജുമോൻ

ഇടുക്കി: ഇടുക്കി കട്ടപ്പന സ്വദേശിയായ ബിജുമോൻ ആന്‍റണി എന്ന കർഷകൻ എയർപോട്ട് ഗാർഡനിംഗ് രീതിയിലൂടെ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് കൃഷിയിൽ അത്ഭുതകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൃഷി കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് പറയുന്നവർക്ക് മുന്നിൽ ബിജുമോൻ ആന്‍റണി ഒരു പാഠപുസ്തകമാണ്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബിജുമോൻ കാർഷികരംഗത്തെ നൂതനാശയങ്ങൾ തന്‍റെ കൃഷിയിടത്തിൽ പരീക്ഷിക്കുക മാത്രമല്ല, പ്രതിമാസം ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നു.

നന്നായി കൃഷിചെയ്യാൻ ധാരാളം സ്ഥലവും സൗകര്യങ്ങളും ആവശ്യമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ബിജു ഇതിനോട് യോജിക്കുന്നില്ല. എന്തിനധികം, മരങ്ങൾ നേരിട്ട് നിലത്ത് വളർത്തണമെന്ന് പോലും ബിജു കരുതുന്നില്ല. അതെങ്ങനെ എന്നല്ലേ? അതിനുള്ള ഉത്തരമാണ് ബിജുവിന്റെ മിറാക്കിൾ ഫാമും അദ്ദേഹത്തിന്റെ സ്വന്തം മിറാക്കിൾ പോട്ടും.

നിലത്ത് മണ്ണിൽ നേരിട്ട് വളരുന്ന മരങ്ങളിൽ പോലും കാണുന്ന പ്രശ്നങ്ങളിലൊന്നാണ് വേരുകൾ പിളരുന്നത്. ഇതിനാൽ ഫലം കിട്ടിത്തുടങ്ങാനും കാലതാമസം എടുക്കും. ഒരു തൈ നട്ടുകഴിഞ്ഞാൽ, തുടക്കത്തിൽ നാം നൽകുന്ന എല്ലാ പോഷകങ്ങളും നേരിട്ട് വേരുകളിലേക്കാണ് പോകുന്നത്. ഇതൊഴിവാക്കാനുള്ള ഒരു മാർഗമാണ് ‘എയർപോട്ട് ഗാർഡനിംഗ്’. ദ്വാരങ്ങൾ നിറഞ്ഞ ചട്ടിയിൽ തൈകൾ നട്ട് പിടിപ്പിക്കുന്നതാണ് രീതി. അത് എവിടെയും സ്ഥാപിക്കാം, ഇടുക്കിയിലെ വിദേശ ഫ്രൂട്ട് ഫാമായ ‘മിറാക്കിൾ ഫാം’ ഉടമ ബിജുമോൻ ആന്‍റണി പറയുന്നു.