കെല്ലി ഇനി ഒറ്റക്കല്ല; ഐവിഎഫ് ചികിത്സയിലൂടെ അമ്മയായി 52കാരി

അമ്മയാവുക എന്നത് ഒരു വെല്ലുവിളിയാണ്. സിംഗിൾ പേരന്റ് കൂടിയാവുമ്പോൾ ഉത്തരവാദിത്തങ്ങളും കൂടും. ഈ രണ്ട് വെല്ലുവിളികളും ഒരു സ്ത്രീ ഏറ്റെടുക്കുന്നത് തന്റെ വാർദ്ധക്യത്തോട് അടുക്കുന്ന സമയത്താണെങ്കിലോ?. ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണെങ്കിലും യുകെ സ്വദേശിനിയായ കെല്ലി ക്ലർക്ക് അവരുടെ 52ആം വയസ്സിലാണ് ഈ രണ്ട് വെല്ലുവിളികളും ഏറ്റെടുത്തിരിക്കുന്നത്.

ഈ പ്രായമാണ് അമ്മയാകുവാൻ ഏറ്റവും നല്ല പ്രായം എന്ന് അഭിപ്രായപ്പെടുന്ന കെല്ലി തന്റെ 52ആം വയസ്സിൽ ഐവിഎഫ് ചികിത്സയിലൂടെയാണ് അമ്മയായിരിക്കുന്നത്.
തനിക്ക് ഇനി ജീവിതത്തിൽ മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നും അതിനാൽ കുഞ്ഞിനെ സംരക്ഷിക്കാനും,കുട്ടിയോടൊപ്പം സമയം ചിലവഴിക്കാനും തനിക്ക് കഴിയുമെന്നും കെല്ലി പറയുന്നു.

20 വർഷത്തിലേറെയായി ഒരു ഫ്ലൈറ്റ് അറ്റൻഡറായി ജോലി ചെയ്തു വരുകയാണവർ. പഠനശേഷം സമപ്രായക്കാരും മറ്റും കുടുംബം, കുട്ടികൾ എന്നിവക്ക് പ്രാധാന്യം നൽകിയപ്പോൾ, ആഗ്രഹിച്ചു നേടിയ ജോലിയിലൂടെ തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിലാണ് കെല്ലി ശ്രദ്ധ നൽകിയത്. കുടുംബം, കുട്ടികൾ തുടങ്ങിയ പ്രാരാബ്ധങ്ങൾ തീർത്തതിന് ശേഷം ജോലിയിലേക്ക് തിരിച്ചു വരാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അവർ കരിയറിനും മറ്റ് ലക്ഷ്യങ്ങൾക്കും പ്രാധാന്യം നൽകുകയായിരുന്നു.