കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ശക്തിപ്പെടുത്തൽ.
ബലക്ഷയം കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തുകയും ടെൻഡർ നിബന്ധനകളും അടുത്ത ബുധനാഴ്ചയോടെ തീരുമാനിക്കും. കെട്ടിടം ശക്തിപ്പെടുത്തണമെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ധരാണ് നിർദ്ദേശിച്ചത്. അതുകൊണ്ടാണ് മദ്രാസ് ഐ.ഐ.ടിയും അറ്റകുറ്റപ്പണിയുടെ മേൽനോട്ടം ഏറ്റെടുത്തത്. കമ്പനികൾക്കുള്ള യോഗ്യതയും ടെൻഡർ നിബന്ധനകളും ഐഐടി തന്നെ തീരുമാനിക്കും. മാനേജ്മെൻറ് കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സ്, അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്രയും വേഗം കെട്ടിടം കൈമാറാൻ കെടിഡിഎഫ്സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ബസ് സ്റ്റാൻഡ് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. ഇതേതുടർന്ന് കെ.എസ്.ആർ.ടി.സിക്ക് അധികബാധ്യത ഏറ്റെടുക്കാൻ കെ.ടി.ഡി.എഫ്.സിയുമായി ധാരണയായതായും സൂചനയുണ്ട്.