ബസിൽ കുഴഞ്ഞുവീണ യുവതിയുമായി ആംബുലൻസ് പോലെ പാഞ്ഞ് കെ.എസ്. ആർ.ടി.സി
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാൻ മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി യിലുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. ഡ്രൈവറായ ഷംജു,കണ്ടക്ടർ ഷിബി എന്നിവരാണ് ബോധരഹിതയായ യുവതിയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി മാതൃകയായത്.
ജോലിക്ക് പോയ ഭർത്താവ് രഞ്ജിത്ത് അപകടത്തിൽപ്പെട്ടുവെന്ന വാർത്തയറിഞ്ഞാണ് അവണാക്കുഴി വൃന്ദാ ഭവനിൽ വൃന്ദ എന്ന യുവതി വെൺപകലിൽ നിന്നും രാവിലെ എട്ടരയോടെ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ബസിൽ കയറുന്നത്.ഒൻപതരയോടെ ബസ് കരമനയെത്തിയപ്പോൾ വൃന്ദ കുഴഞ്ഞു വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹോദരി വിദ്യയുടെ കരച്ചിൽ കേട്ടാണ് ബസിലുണ്ടായിരുന്നവർ സംഭവം അറിയുന്നത്.അൻപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. യുവതിയുടെ ആരോഗ്യനില മോശമാകുന്നുവെന്ന് മനസ്സിലാക്കി മറ്റ് യാത്രക്കാർക്കൊപ്പം നഗരത്തിലെ ഗതാഗത കുരുക്കിലൂടെ ആംബുലൻസ് കണക്കേ ഹെഡ്ലൈറ്റ് തെളിച്ചും ഹോൺ മുഴക്കിയും പായുകയായിരുന്നു. വനിതാ കണ്ടക്ടർ ഷിബി വൃന്ദക്ക് വേണ്ട പരിചരണങ്ങളും നൽകി.