മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു,സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച 112.52 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉപയോഗം. പീക്ക് ആവശ്യകതയും കുറഞ്ഞു. ഇന്നലത്തെ ആവശ്യകത 5482 മെഗാവാട്ടാണ്. മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറയാൻ കാരണമായെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിക്കുകയാണ് കെഎസ്ഇബി ലക്ഷ്യംവൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജ്ജും.നിലവിലുള്ള 9 പൈസ സർചാർജ്ജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.ആകെ 19 പൈസ സർചാർജ്ജ്.മാർച്ചിലെ ഇന്ധന സർചാർജ്ജായാണ് തുക ഈടാക്കുന്നത്.രണ്ട് ദിവസം ഉപഭോഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കും.ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്

.