കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം.

കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്കാരം. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന യുഐടിപി പൊതുഗതാഗത ഉച്ചകോടിയിൽ കെ.എസ്.ആർ.ടി.സിക്കുള്ള പ്രത്യേക പുരസ്കാരം സിഎംഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി.

കഴിഞ്ഞ 3 വർഷമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പിയുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആർ.ടി.സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂൺ 5ന് നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ്‌ പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.