കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി യൂണിയനുകളുമായി 5ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജുവും ചർച്ചയിൽ പങ്കെടുക്കും. ഓണത്തിന് മുമ്പ് ശമ്പളവും കുടിശ്ശികയും നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.
അതേസമയം, ശമ്പള വിതരണത്തിന് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ എ.കെ.ജെ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഇതോടെ കെ.എസ്.ആർ.ടി.സിയിലെ 27,000 ത്തോളം ജീവനക്കാർ നിരാശരായി. ഹർജി വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കാനായി മാറ്റി.
ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം പോലും ഇതുവരെ നൽകിയിട്ടില്ല. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ രണ്ട് മാസത്തെ ശമ്പളവും ഓണം അഡ്വാൻസും ഓണത്തിന് മുമ്പ് നൽകാനാവില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. സിംഗിൾ ഡ്യൂട്ടിയിൽ ധാരണയിലെത്താൻ നിർദ്ദേശം നൽകിയതിനാൽ ശമ്പള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടാനാണ് സിഐടിയു തീരുമാനം. സാമ്പത്തിക സഹായം നൽകാനുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത് മറ്റ് പൊതുമേഖലാ കോർപ്പറേഷനുകൾക്ക് മാതൃകയാകാതിരിക്കാനാണെന്നും ഇത് കെ.എസ്.ആർ.ടി.സിയെ സഹായിക്കുമെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നു.