വയനാട് കാരക്കണ്ടി കോളനി നിവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂക്ക

പുൽപള്ളി: വയനാട്ടിലെ നിർധനർക്ക് മമ്മൂട്ടി ഓണക്കോടി സമ്മാനിച്ചു. തന്‍റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചുനൽകി. ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാരക്കണ്ടി കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളിലെ 77 പേർക്കാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന ഓണക്കോടി സംഭാവന ചെയ്തത്.

മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ആദിവാസി സമൂഹത്തിലേക്ക് സഹായങ്ങൾ എത്തിക്കാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ‘പൂർവകം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തത്. അവരുടെ കൃഷിക്കും വിദ്യാഭ്യാസത്തിനും ഈ പദ്ധതി സഹായങ്ങൾ നൽകുന്നു.

സിനിമയ്ക്ക് പുറത്ത് മമ്മൂട്ടിയുടെ സ്വാധീനം ചെറുതല്ല. അദ്ദേഹത്തിന്‍റെ സാമൂഹിക ഇടപെടലുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും പലർക്കും പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും നൽകുന്നു.