ഇ-ലേലത്തില്‍ കരകയറി കെഎസ്ആര്‍ടിസി ആക്രി ബസുകള്‍

ഇ-ലേലം വന്നപ്പോൾ കെ.എസ്.ആർ.ടി.സിയുടെ സ്ക്രാപ്പ് ബസുകൾക്ക് നല്ലകാലം. പൊളിക്കാൻ ഉപേക്ഷിച്ച എല്ലാ ബസുകൾക്കും മുമ്പത്തേക്കാൾ മികച്ച വില ലഭിച്ചു. നേരത്തെ ഒരു ബസിന് ശരാശരി 80,000 രൂപയായിരുന്നത് ഇപ്പോൾ 3.40 ലക്ഷമായി ഉയർന്നു. ഉപയോഗശൂന്യമെന്ന് വിദഗ്ധ സമിതി വിലയിരുത്തിയ 620 ബസുകളിൽ 473 എണ്ണം സ്ക്രാപ്പിന് വിറ്റു.

മെറ്റല്‍ സ്‌ക്രാപ്പ് ട്രേഡ് കോര്‍പ്പറേഷന്‍ വഴിയായിരുന്നു വിൽപ്പന. ഇതാദ്യമായാണ് ഇത്രയധികം ബസുകൾ ഒരുമിച്ച് പൊളിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ പരസ്പരധാരണയിലെത്തി വില കുറയ്ക്കുന്നത് തടയാനും ഇ-ലേലത്തിലൂടെ കഴിഞ്ഞു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലേലത്തില്‍ ക്രമക്കേട് നടത്തുന്നതും ഒഴിവാക്കാനായി.

ആദ്യ തവണ 418 ബസുകളും രണ്ടാം ലേലത്തിൽ 55 ബസുകളുമാണ് ലേലം ചെയ്തത്. ഏകദേശം 10 കോടിയോളം രൂപ സ്ക്രാപ്പ് ട്രേഡിലൂടെ സമ്പാദിച്ചു. എഞ്ചിൻ ഉൾപ്പെടെ ഉപയോഗപ്രദമായ എല്ലാ ഭാഗങ്ങളും നീക്കംചെയ്താണ് ബസുകൾ ലേലത്തിന് വയ്ക്കുക.