സദ്ദീഖ് കാപ്പന്റെ മോചനം നീളുന്നു: കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

ലഖ്‌നൗ: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൃഷ്ണ പഹലിന്‍റെ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. മുതിർന്ന അഭിഭാഷകരായ ഐ.ബി.സിങ്, ഇഷാൻ ഭഗല്‍ എന്നിവരാണ് കോടതിയിൽ ഹാജരായത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദീഖ് കാപ്പൻ സുപ്രീം കോടതിയെ സമീപിക്കും. ഹത്രാസ് ബലാല്‍സംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ഒക്ടോബർ അഞ്ചിന് ഡൽഹിക്കടുത്തുള്ള മഥുര ടോൾ പ്ലാസയിൽ വച്ചാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കാപ്പൻ 22 മാസമായി ജയിലിലാണ്. 2021 ഒക്ടോബർ ഏഴിനാണ് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.