കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം എന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ നയി ചേതന എന്ന ദേശീയ കാമ്പയിന്‍റെ ഭാഗമായാണ് പ്രതിജ്ഞ. സ്വത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന പ്രതിജ്ഞയിലെ പരാമർശത്തിനെതിരെ ചില മതസംഘടനകൾ രംഗത്തെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കുടുംബശ്രീ ഡയറക്ടർ വ്യക്തമാക്കിയിരുന്നു. ലിംഗാധിഷ്ഠിത അക്രമങ്ങളെ തിരിച്ചറിയുക, അക്രമത്തിനെതിരെ ശബ്ദമുയർത്തുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുക, അക്രമത്തിനെതിരായ മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ. അക്രമത്തെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്‍റെ ലക്ഷ്യം.

ലിംഗസമത്വ കാമ്പയിന്‍റെ ഭാഗമായി സി.ഡി.എസ് അംഗങ്ങൾക്ക് നൽകിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചില മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നായിരുന്നു കുടുംബശ്രീ അധികൃതരുടെ വിശദീകരണം. ജെൻഡർ കാമ്പയിന്‍റെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾക്ക് ചൊല്ലാനായി നല്‍കിയ പ്രതിജ്ഞക്കെതിരെ ജാം ഇയ്യത്തുല്‍ ഖുത്വബാ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. സ്വത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശമുണ്ടെന്ന പ്രതിജ്ഞയിലെ പരാമർശം ശരീയത്ത് വിരുദ്ധമാണെന്നായിരുന്നു വിമർശനം.