കൊച്ചി മുസരിസ് ബിനാലെയ്ക്ക് 12ന് തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ഡിസംബർ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്ക് അരങ്ങൊരുങ്ങി. ആറ് ലക്ഷത്തിലധികം ആളുകൾ കണ്ട ബിനാലെയുടെ നാലാം പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ലോകമെമ്പാടുമുള്ള കൂടുതൽ കാഴ്ചക്കാരെ ഇത്തവണ പ്രതീക്ഷിക്കുന്നു. 12ന് ആരംഭിക്കുന്ന ബിനാലെ ഏപ്രിൽ 10 വരെ നീളും. സിംഗപ്പൂർ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യൂറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും എന്നതാണ് ബിനാലയുടെ അഞ്ചാം പതിപ്പിന്‍റെ പ്രമേയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 ഓളം കലാകാരൻമാരുടെ സൃഷ്ടികളാണ് ബിനാലെയിൽ ഉണ്ടാവുക. 4 മാസം നീണ്ടുനിൽക്കുന്ന ബിനാലെ 14 വേദികളിലായി നടക്കും, രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രവേശനം ഉണ്ടായിരിക്കും.

ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി മേയർ എം. അനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗം ചേർന്നു. കെ ജെ മാക്സി എം എൽ എ, ജില്ലാ കളക്ടർ രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു.