കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കലോൽസവത്തിലെ സ്വാഗതഗാനത്തിന്‍റെ ദൃശ്യങ്ങൾ സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. “അതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അത് രചിച്ചവരുടെ വികലമായ മനസ്സായിരിക്കാം ഇതിന് കാരണം. തിരിച്ചറിയാൻ കഴിയാത്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപം മുസ്ലിം വിരുദ്ധമാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. തീവ്രവാദി വേഷം ധരിച്ച മുസ്ലിമിനെ ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചു. സാഹോദര്യം, മതസൗഹാർദ്ദം, ദേശസ്നേഹം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യാവതരണത്തിൽ തീവ്രവാദി വേഷം ധരിച്ച ഒരു മുസ്ലിമിനെ ചിത്രീകരിച്ചത് യാദൃശ്ചികമല്ലെന്ന് വ്യക്തമാണെന്ന് കെപിഎ മജീദ് വിമർശിച്ചു. 

ഭരണകൂടം തന്നെ വിദ്വേഷത്തിന്‍റെ പ്രത്യയശാസ്ത്രം അവതരിപ്പിക്കുന്ന സമകാലിക ഇന്ത്യയിൽ, യുവമനസ്സുകളിൽ ഈ ചിത്രം സൃഷ്ടിക്കുന്ന വിസ്ഫോടനം വളരെ വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാണികളായി ഇരിക്കുമ്പോഴാണ് സംഗീത ശിൽപം അവതരിപ്പിച്ചതെന്നും മജീദ് ആരോപിച്ചിരുന്നു.