പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബസുകളിൽ ഒട്ടിച്ച സിനിമാ താരങ്ങളുടെ പോസ്റ്ററുകൾ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കില്ലേ എന്ന് കെഎസ്‌ആർടിസിയോട് സുപ്രീം കോടതി. അമിതമായി ലൈറ്റുകൾ കത്തിക്കുന്നതും ബസുകളുടെ കണ്ണാടിയിൽ പരസ്യങ്ങൾ പതിക്കുന്നതും വളരെ ഗൗരവമേറിയ കാര്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ബസുകളിലെ പരസ്യങ്ങൾ സംബന്ധിച്ച് പുതിയ പദ്ധതി കൈമാറാൻ കെഎസ്ആർടിസിക്ക് സുപ്രീം കോടതി നിർദേശം നൽകി. പദ്ധതിയിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിൽ നിന്ന് സംരക്ഷണം നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബസുകളിൽ പരസ്യം നൽകരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്ത് തരത്തിലുള്ള പരസ്യങ്ങളാണ് കെഎസ്ആർടിസി നൽകുന്നതെന്ന് ചോദിച്ച കോടതി സിനിമാതാരങ്ങളുടെയും മറ്റും ചിത്രങ്ങൾ ശ്രദ്ധ തിരിക്കാൻ കാരണമാകില്ലേയെന്നും ചോദിച്ചു. വാണിജ്യ പരസ്യങ്ങൾ ബസുകളുടെ വശങ്ങളിലാണ് സാധാരണയായി പതിക്കാറുള്ളതെന്ന് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി കോടതിയിൽ ചൂണ്ടിക്കാട്ടി.