അമ്മമാർക്കായി സ്നേഹത്തണൽ; ഗാന്ധിഭവന് പുതിയ മന്ദിരം നിർമിച്ചു നൽകി എം.എ.യൂസഫലി

കൊല്ലം: പത്തനാപുരത്തെ ഗാന്ധിഭവനിലെ അമ്മമാർ ഇനി നിരാലംബരോ,അനാഥരോ അല്ല. എം.എ.യൂസഫലി ഒരുക്കിയ സ്നേഹതണലിലാണ് ഇനിമുതൽ അവർക്ക് കരുതൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി 15 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടം അമ്മമാർക്ക് വേണ്ട സുരക്ഷയൊരുക്കും. മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്‍റെ സാന്നിധ്യത്തിൽ എം.എ.യൂസഫലി ശിലാഫലകം അനാച്ഛാദനം ചെയ്തു.

ശേഷം ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നിവരോടൊപ്പം ഇരുവരും വീടിനുള്ളിൽ പ്രവേശിച്ചു. റിബൺ മുറിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്തതും അമ്മമാർ ചേർന്നായിരുന്നു. വീൽചെയറിലായിരുന്ന മാലതി,ബേബി,സുജാത എന്നീ അമ്മമാരെ യൂസഫലിയും,പുനലൂർ സോമരാജനും ചേർന്ന് അടുത്തുള്ള മുറിയിലേക്കെത്തിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.

ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ നന്മ ചെയ്യുന്നതെന്നും അമ്മമാർക്കായുള്ള പുതിയ വീട് അതിലൊന്നാണെന്നും എംഎ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടത്തിലെ വൈദ്യുതചിലവ്,അറ്റകുറ്റപണികൾ എന്നിവക്കായി പ്രതിമാസം ഒരു ലക്ഷം രൂപ നൽകുമെന്നും,തന്റെ മരണശേഷവും ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഗാന്ധിഭവനിലെ അന്തേവാസികളായ പിതാക്കൻമാർക്കായി സമാനമായ മന്ദിരം നിർമിച്ചു നൽകുമെന്നും യൂസഫലി ഉറപ്പുനൽകി.