സലാംകുമാറിന് വീട് നിര്‍മാണത്തിന് സഹായവുമായി എം.എ യൂസഫലി

റാന്നി: കോവിഡ് കാലത്തെ വൈകല്യത്തെ അതിജീവിച്ച് സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച സലാം കുമാറിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വീട് നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സലാം കുമാറിന്റെ വീട്ടിലെത്തി കൈമാറി. ശാരീരിക ബുദ്ധിമുട്ടുകളുള്ള സലാം കുമാർ കൊവിഡ് കാലത്തെ സേവനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.

റാന്നി നാറാണംമൂഴിയിലെ ഉന്നത്താനി ലക്ഷം വീട് കോളനിയിലെ ജീർണിച്ച വീട്ടിൽ നിന്നാണ് സലാകുമാർ തന്‍റെ സ്വപ്നത്തിനടുത്തെത്തിയത്. അരയ്ക്ക് താഴെ തളർന്നുപോയ സലാം കുമാർ കൊവിഡ് കാലത്ത് പത്തനംതിട്ടയിലെ മലയോര മേഖലയിലെ പോരാളിയായിരുന്നു. കൊവിഡ് രോഗികളെ സമീപിക്കാൻ മടിയുള്ള സമയത്ത് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സലാം കുമാർ സ്വന്തം വാഹനത്തിൽ കോവിഡ്-19 രോഗികളെ ആശുപത്രിയിലെത്തിക്കുകയും മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഈ ഇച്ഛാശക്തിയെ പ്രകീര്‍ത്തിച്ചാണ് എം.എ. യൂസഫലിയുടെ സഹായം എത്തിയത്.

സ്വന്തമായി സുരക്ഷിതമായ ഒരു വീട് പോലുമില്ലാതിരുന്നിട്ടും സാമൂഹ്യസേവനം നടത്തിയ സലാം കുമാറിന് യൂസഫലിയുടെ സമ്മാനമായാണ് അടച്ചുറപ്പുള്ള വീട് ഒരുക്കുന്നത്. അടച്ചുറപ്പുള്ള വീട് കിട്ടുന്നതിന്റെ സന്തോഷത്തിലാണ് സലാംകുമാര്‍. അഞ്ച് മാസത്തിനുള്ളിൽ വീടിന്‍റെ നിർമ്മാണം പൂർത്തിയാകും.