കളക്ടറേറ്റിലെ മുൻകർഷകന് മജിസ്ട്രേറ്റിന്റെ സർപ്രൈസ് ഗിഫ്റ്റ്

കാക്കനാട്: കാക്കനാട് തുതിയൂർ സ്വദേശി കെ കെ വിജയന് തിരുവോണത്തിന് രണ്ട് ദിവസം മുൻപ് കൊറിയറിൽ ഒരു സ്മാർട്ട്‌ ഫോണെത്തി, കൃത്യമായ വിലാസവും, മറ്റ് വിവരങ്ങളൊന്നുമില്ലാതെ അജ്‌ഞാതൻ കർഷകന് ഓണസമ്മാനം അയക്കുന്നുവെന്ന് മാത്രമെഴുതിയ കവർ അദ്ദേഹത്തിന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു.

തനിക്ക് ഓണസമ്മാനമയച്ചു നൽകിയ അജ്‌ഞാതനെ തേടി വിജയൻ പോസ്റ്റോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ ദീർഘ പരിശ്രമത്തിനൊടുവിൽ തനിക്ക് സ്മാർട്ട്‌ ഫോൺ അയച്ചു നൽകിയ വ്യക്തിയെ തിരിച്ചറിഞ്ഞത് സത്യത്തിൽ വിജയന്റെ ആഹ്ലാദവും, അമ്പരപ്പും ഉയർത്തുകയായിരുന്നു.

വിജയന് സമ്മാനമയച്ച വ്യക്തി നിസ്സാരനായിരുന്നില്ല. കളക്ടർ കഴിഞ്ഞാൽ ജില്ലയുടെ പൂർണ്ണ ഉത്തരവാദിത്തമുള്ള അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാനാണ് കളക്ടറേറ്റിലെ മുൻകാല കർഷകനായിരുന്ന വിജയന് മറക്കാതെ സ്നേഹ സമ്മാനം അയച്ചത്. ഓഗസ്റ്റ് ആറിനാണ് വിജയനെ തേടി അജ്ഞാത തപാലെത്തിയത്.

കളക്ടറേറ്റിൽ നിന്നുള്ള ഒരാളാണെന്നുള്ള ചെറിയ സൂചന ലഭിച്ചതോടെ 8 ദിവസം കൊണ്ട് വിജയൻ ആളെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ കാബിനിൽ മധുരപലഹാരങ്ങളോടെ ചെന്ന് കണ്ട് നന്ദിയറിയിക്കുകയും ചെയ്തു.