മൈക്കാട് പണി, വാർക്കത്തൊഴിലാളി, ഒടുവിൽ ഡോക്ടർ; മനോഹരന്റെ കഥ
കോട്ടയം: കഴിഞ്ഞയാഴ്ച വരെ മനോഹരൻ നിർമ്മാണ തൊഴിലാളിയായിരുന്നു. എന്നാൽ ഇന്ന് മനോഹരനു മുന്നിൽ ഒരു ഡോക്ടറുണ്ട്. കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മനോഹരൻ നിശ്ചയദാർഢ്യത്തിന്‍റെ ഉദാഹരണമാണ്. കോട്ടയം ജില്ലയിലെ മുണ്ടക്കയം പുലിക്കുന്നിലെ താന്നിക്കൽപതാലിൽ കൂലിപ്പണിക്കാരായ കുഞ്ഞുചെറുക്കന്‍റെയും അമ്മിണിയുടെയും മകനായ മനോഹരന്‍റെ ഡോക്ടർ പട്ടം സാധാരണക്കാരന്‍റെ അഭിനിവേശത്തിന്‍റെ കഥ കൂടിയാണ്.
സ്വന്തം നാട്ടിലായിരുന്നു സ്കൂൾ പഠനം. സമയം കിട്ടുമ്പോഴെല്ലാം ജോലിക്ക് പോകുമായിരുന്നു. ആ സമയത്ത്, അദ്ദേഹം മേസ്തിരിമാരുടെ സഹായിയായി ജോലിക്ക് പോയിരുന്നു. പിന്നീട് ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ ഇക്കണോമിക്സ് വകുപ്പിൽ നിന്ന് എം.ഫില്ലും ഡോക്ടറേറ്റും പൂർത്തിയാക്കി. അധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള അവസാന ചുവട്. പഠനത്തിനിടെ കെട്ടിട നിർമാണ മേഖലയിലായിരുന്നു ജോലി. 6 വർഷമായി സിഐടിയു യൂണിയൻ പുലിക്കുന്ന് യൂണിറ്റിലെ തൊഴിലാളി ആണ് മനോഹരൻ.