പിഎസ്ജിയിൽ രണ്ട് വർഷം കൂടി കരാർ പുതുക്കി മാർക്കോ വെരാറ്റി

ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് മാർക്കോ വെരാറ്റി. ഇറ്റാലിയൻ മിഡ്ഫീൽഡർ ക്ലബുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടിയാണ് പുതുക്കിയത്. ഇതോടെ 2026 വരെ വെരാറ്റി പി.എസ്.ജിയുടെ ഭാഗമായി തുടരും.

30 കാരനായ വെരാറ്റി 2012ലാണ് പി.എസ്.ജിയിൽ ചേർന്നത്. പെസ്കാറയിൽ നിന്നായിരുന്നു വെരാറ്റിയുടെ ഫ്രഞ്ച് തലസ്ഥാനത്തേക്കുള്ള വരവ്. പിന്നീട് വെരാറ്റി പി.എസ്.ജി മിഡ്ഫീൽഡിൽ ശക്തമായ സാന്നിധ്യമായി മാറി. പി.എസ്.ജി ജേഴ്സിയിൽ വെരാറ്റിയുടെ 399-ാമത്തെ മത്സരമായിരുന്നു സ്ട്രാസ്ബർഗിനെതിരായ ഇന്നലത്തെ മത്സരം. പുതിയ കരാർ പൂർത്തിയാകുന്നതോടെ, പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ജീൻ-മാർക്ക് പിലോറെയുടെ റെക്കോർഡ് മറികടക്കാൻ വെറാട്ടിക്ക് അവസരം ലഭിക്കും.

പി.എസ്.ജിക്കൊപ്പം എട്ട് ഫ്രഞ്ച് ലീഗ് കിരീടങ്ങൾ വെരാറ്റി നേടിയിട്ടുണ്ട്. പി.എസ്.ജിക്കൊപ്പം ആറ് വീതം ഫ്രഞ്ച് കപ്പും ലീഗ് കപ്പും വെരാറ്റി നേടി. 2019-20 സീസണിൽ പി.എസ്.ജി ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനലിൽ എത്തിയപ്പോൾ വെരാറ്റിയുടെ പ്രകടനവും നിർണ്ണായകമായിരുന്നു.