എം.ബി.ബി.എസ് പഠനം മുടങ്ങില്ല; സ്‌മൃതിലക്ഷ്മിക്ക് സഹായവുമായി ആലപ്പുഴ കളക്ടർ
ആലപ്പുഴ: സ്മൃതിലക്ഷ്മിയും കുടുംബവും ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ കുടുംബത്തിന് സഹായം നീട്ടിയത് കളക്ടർ.
പ്രവേശനത്തിന് മുൻപ് നൽകേണ്ട 10 ലക്ഷം രൂപ അഡ്മിഷന് ശേഷം പണം അടക്കാൻ അവസരം ലഭിക്കുന്നതിനായാണ് സ്‌മൃതിലക്ഷ്മിയും ബന്ധുക്കളും കളക്ടർ കൃഷ്ണ തേജയെ കാണാനെത്തിയത്. മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ അഡ്മിഷൻ ലഭിച്ച സ്മൃതിലക്ഷ്മിയുടെ അവസ്ഥ മനസിലാക്കിയ അദ്ദേഹം സഹായിക്കാമെന്നുള്ള ഉറപ്പ് നൽകി. തിരികെ ചേർത്തലക്ക് പോകാൻ ബസ് കാത്ത് നിന്ന അവരോട് കഴിയുമെങ്കിൽ തിരികെയെത്താൻ കളക്ടർ വിളിച്ചറിയിച്ചു.
തിരികെയെത്തിയ സ്മൃതിലക്ഷ്മിക്ക് കളക്ടർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകി. അമ്പരന്നു നിന്ന അവരോട് ബാക്കി തുകക്ക് ശ്രമിക്കാമെന്നറിയിച്ച അദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി നാല് ലക്ഷം രൂപ സമാഹരിച്ചു നൽകുകയും ചെയ്തു.8വർഷം മുൻപ് പിതാവ് മോഹനൻ മരിച്ചതിന് ശേഷം കൂലിപ്പണിയെടുത്താണ് അമ്മ മനോഹരി സ്‌മൃതിലക്ഷ്മിയെ പഠിപ്പിച്ചത്.