മകൻ പൈലറ്റായ വിമാനത്തിൽ മക്കയിലേക്ക് പറന്ന് അമ്മ; പൈലറ്റ് റാഷീദിന് അഭിമാന നിമിഷം

മകൻ ഉയരങ്ങളിലെത്തണം എന്ന് ആഗ്രഹിച്ച ഒരു അമ്മയുടെയും, തന്റെ മാതാവിനെ പൊന്നുപോലെ നോക്കണമെന്നുറച്ച മകന്റെയും കഥയാണിത്. മകൻ പറത്തുന്ന വിമാനത്തിൽ മക്കയിൽ എത്തണമെന്ന അമ്മയുടെ ആഗ്രഹമാണ് അമീർ റാഷീദ് വാണി എന്ന പൈലറ്റ് നിറവേറ്റിയത്.

സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്മ അയച്ച പോസ്റ്റ്‌ കാർഡും റാഷീദ് പങ്കുവെച്ചു. ‘നീ പൈലറ്റാകുമ്പോൾ എന്നെ നിന്റെ വിമാനത്തിൽ മക്കയിലേക്ക് കൊണ്ടുപോകൂ’ എന്നായിരുന്നു മകന്റെ ചിത്രത്തോടൊപ്പമുള്ള അമ്മയുടെ കുറിപ്പ്.

വിശുദ്ധ കഅബയിലേക്ക് അമ്മ യാത്ര ചെയ്യുന്ന വിമാനത്തിന്റെ പൈലറ്റാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ റാഷീദ് പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി ആളുകളാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്.