കുഞ്ഞുങ്ങളെ ആക്രമിക്കാൻ കൂട്ടിലെത്തിയ പാമ്പിനെ വിറപ്പിച്ച് അമ്മക്കോഴി

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ലെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. അമ്മമാർ മക്കൾക്ക് നൽകുന്ന സ്നേഹവും കരുതലും നൽകാൻ മറ്റൊരാൾക്കും കഴിയില്ല. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളുടെ കാര്യത്തിലും ഇത് ശരിയാണെന്ന് തെളിയിക്കുകയാണ് ഒരു ട്വിറ്റർ വീഡിയോ.തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ ശത്രുവിനെതിരെ പോരാടുന്ന ഒരമ്മയുടെ 51 സെക്കന്റ് ദൈർഖ്യമുള്ള ദൃശ്യങ്ങളാണ് വൈറൽ വീഡിയോ എന്ന അക്കൗണ്ടിലൂടെ ശ്രദ്ധ നേടുന്നത്.

ഒരു കോഴിയും, അതിന്റെ കുഞ്ഞുങ്ങളുമാണ് വീഡിയോയിലുള്ളത്. കൂട്ടിലേക്ക് ഇഴഞ്ഞു വരുന്ന മൂർഖൻ പാമ്പിനെ കണ്ട് അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതമായി ഒരു മൂലയിലേക്ക് മാറ്റിയ ശേഷം സമയം പാഴാക്കാതെ ശത്രുവിന് നേരെ തിരിയുകയാണ്.
 
കോഴിയിൽ നിന്നൊരാക്രമണം ഒരിക്കലും പാമ്പ് പ്രതീക്ഷിച്ചിരിക്കാനേ വഴിയില്ല. അതിനാൽ വീഡിയോയുടെ ആദ്യഭാഗങ്ങളിൽ പാമ്പ് മെല്ലെ പിന്മാറുന്നത് കാണാം. എന്നാൽ ശത്രു ദുർബലയാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകണം പാമ്പും വിട്ടുകൊടുക്കുന്നില്ല. എന്നാൽ ഒരിക്കൽ പോലും തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് അമ്മക്കോഴി പാമ്പിനെ അടുപ്പിക്കുന്നതേയില്ല. സർവ്വശക്തയായി പാമ്പിനെ കൊത്തി അകറ്റുകയാണ് അമ്മക്കോഴി.