പോലീസ് ഉപേക്ഷിച്ച ബോഡി വോൺ ക്യാമറകൾ വാങ്ങാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: കൃത്യമായ പഠനം പോലും നടത്താതെ ഒരു കോടി രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകൾ ഒരു മാസം പോലും ഉപയോഗിക്കാതെ പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ യൂണിഫോമിൽ ഘടിപ്പിച്ച 356 ക്യാമറകൾ 89 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഇതെന്നാണ് വിവരം.

ഒരു കോടി രൂപ മുടക്കിയാണ് സംസ്ഥാന പൊലീസ് സേന ക്യാമറകൾ വാങ്ങിയത്. ഈ 310 ക്യാമറകൾ ഒരു മാസം പോലും പൊലീസ് ഉപയോഗിച്ചിട്ടില്ല. ക്യാമറ അമിതമായി ചൂടാവുന്നു എന്ന കാരണംകൊണ്ട് അത് ഉപേക്ഷിക്കപ്പെട്ടു. പൊലീസിന്‍റെ വിവിധ യൂണിറ്റുകളിൽ ഉപയോഗശൂന്യമായ ക്യാമറകൾ പൊടിപിടിച്ച് കിടക്കുകയാണ്.  ഇതൊന്നും മോട്ടോർ വാഹന വകുപ്പിന് ഒരു പ്രശ്നമല്ല.

വാഹന പരിശോധനയ്ക്കായി വിന്യസിക്കുന്ന എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കായി 89 ലക്ഷം രൂപ ചെലവഴിച്ച് 356 ക്യാമറകളാണ് വാങ്ങുന്നത്. ഒരു ക്യാമറയ്ക്ക് 25,000 രൂപയാണ് വില. ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതിയിൽ പൊലീസ് നേരിടുന്ന പ്രശ്നങ്ങളോ അത് ഉപേക്ഷിക്കാനുള്ള കാരണങ്ങളോ പഠിക്കാതെയാണ് മോട്ടോർ വാഹന വകുപ്പ് തീരുമാനവുമായി മുന്നോട്ട് പോകുന്നത്. വകുപ്പിലെ വിവിധ സംഘടനകളുടെ ഹർജി പരിഗണിച്ചാണ് ക്യാമറകൾ വാങ്ങാൻ തീരുമാനിച്ചത്.