പരിഹാരമാവാതെ മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര; സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു
മുംബൈ: ക്രിസ്മസ്, പുതുവത്സര യാത്രാ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുംബൈയിലെ മലയാളികൾ. ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ, ഒരു സർവീസ് മാത്രം നടത്തുന്നതു കൊണ്ട് എന്ത് പ്രയോജനമെന്നാണ് അവരുടെ ചോദ്യം.
ട്രെയിനുകളിൽ ടിക്കറ്റ് ഇല്ല, വിമാനത്തിന്‍റെ നിരക്ക് നാലിരട്ടിയിൽ കൂടുതലാണ്. സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം റെയിൽവേ നടത്തിയെങ്കിലും വീട്ടിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ കാത്തിരുന്ന മലയാളികളുടെ ദുരവസ്ഥ അവസാനിക്കുന്നില്ല. മുംബൈയിൽ നിന്ന് കന്യാകുമാരിക്ക് നാളെ വൈകീട്ട് 3.30ന് ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.
റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റ് പോവുകയും ചെയ്തു. നാല് വർഷം മുമ്പ് വരെ ആഴ്ചയിൽ രണ്ട് സർവീസുകളായി ഒരു മാസത്തേക്ക് കേരളത്തിലേക്ക് ശൈത്യകാല സ്പെഷ്യൽ സർവീസ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ ഇല്ലാത്തത് എന്ന ചോദ്യത്തിന് റെയിൽവേ ഉത്തരം നൽകുന്നില്ല.