എം.വി.ഡിയുടെ ‘വിദ്യാവാഹൻ’ ബുധനാഴ്ച മുതൽ സജീവമാകും

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കാൻ കഴിയുന്ന ‘വിദ്യാവാഹൻ’ മൊബൈൽ ആപ്പ് ബുധനാഴ്ച സജീവമാകും. സ്കൂൾ വാഹനങ്ങളെ ജിപിഎസുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് വികസിപ്പിച്ചെടുത്ത ‘സുരക്ഷാമിത്ര’ സോഫ്റ്റ് വെയറിൽ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനിലുള്ളത്.

നിലവിൽ, എല്ലാ അംഗീകൃത സ്കൂൾ വാഹനങ്ങൾക്കും വെഹിക്കിൾ ലൊക്കേഷൻ ഡിവൈസ് (ജിപിഎസ്) നിർബന്ധമാണ്. വാഹനത്തിന്‍റെ സഞ്ചാരപഥവും വേഗതയും ഓൺലൈനായി പരിശോധിക്കാം. അപകടമുണ്ടായാൽ വിവരം ഉടൻ കൺട്രോൾ റൂമിൽ എത്തും.

‘സുരക്ഷാമിത്ര’ സംവിധാനം രണ്ട് വർഷത്തിലേറെയായി നിലവിലുണ്ടെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാത്തതിനാൽ രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഇതിന്‍റെ പ്രയോജനം ലഭിച്ചിരുന്നില്ല. ‘സുരക്ഷാമിത്ര’യിൽ നിന്ന് ആപ്പിലേക്ക് ഡാറ്റ സ്വീകരിക്കുന്നതിലെ തടസ്സമാണ് കാരണം. എന്നാൽ ഇപ്പോൾ ഇതിനു പരിഹാരമായിരിക്കുകയാണ്.