9വർഷങ്ങൾക്ക് മുൻപ് കാണാതായ മകൻ വീഡിയോ കോളിലൂടെ മുന്നിൽ; ആനന്ദക്കണ്ണീരണിഞ്ഞ് കുടുംബം

തിരുവനന്തപുരം : അബുദാബിയിൽ വച്ച് 9 വർഷം മുൻപ് കാണാതായ മകൻ അപ്രതീക്ഷിതമായി വീഡിയോ കോളിലൂടെ വീണ്ടും കൺമുന്നിലെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ എസ്.പ്രവീൺ ആണ് നീണ്ട വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളുമായ് ബന്ധപ്പെട്ടത്.

തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ഐ.പി ബിനുവിന് ലഭിച്ച ഒരു ഫോൺ കോളാണ് ഒരു കുടുംബത്തിന്റെ കാലങ്ങളായുള്ള ദുഃഖത്തിന് അവസാനമാകുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന പ്രവീൺ കാറ്ററിംഗ് ജോലി ലഭിച്ചതോടെ അബുദാബിയിലേക്ക് പോവുകയായിരുന്നു.

രണ്ടു വർഷം വരെ മുടങ്ങാതെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. മറ്റൊരു കമ്പനിയിൽ ജോലി കിട്ടി എന്നറിയിച്ചായിരുന്നു അവസാനത്തെ കോൾ. പിന്നീട് ഫോൺ ഓഫായി. അച്ഛൻ സുന്ദരേശൻ, അമ്മ മണി, സഹോദരിമാരായ പ്രിയ, പ്രിയങ്ക എന്നിവർ അന്നുമുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രവീണിന്റെ പ്രവാസി സുഹൃത്താണ് വിളിച്ച് വിവരം നൽകിയത്. ബിനു പൊലീസ് ഓഫീസിർ അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ്‌ ഉം പൊലീസ് ഇൻസ്‌പെക്ടറുമായ ആര്യനാട് സ്വദേശി പ്രശാന്തിന് നമ്പർ നൽകിയ ശേഷം പ്രവീണിന്റെ പാസ്പോർട്ട്‌ വിവരങ്ങൾ നേടി. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് പ്രവീണിനെ കണ്ടെത്തുകയായിരുന്നു. പ്രവീണിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു.