പൊക്കമില്ലായ്മയാണെൻ പൊക്കം; ഗിന്നസ് റെക്കോർഡ് നേടി അഫ്ഷിൻ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്ന റെക്കോർഡ് ഇറാൻ സ്വദേശിയായ അഫ്ഷിൻ ഇസ്മായിൽ ഗദർസാദെക്ക് സ്വന്തം. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ദുബായ് മീഡിയ സിറ്റിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ അധികൃതർ കൈമാറി. കൊളംബിയയിൽ നിന്നുള്ള എഡ്വാർഡ് നിനോ ഹെർണാസ് എന്ന വ്യക്തിയുടെ റെക്കോർഡ് ആണ് അഫ്ഷിൻ മറികടന്നിരിക്കുന്നത്.

ഒരുകാലത്ത് അഫ്ഷിന്റെ അവസ്ഥയെ ഓർത്ത് മാതാപിതാക്കൾ വളരെയധികം വിഷമിച്ചിരുന്നു. രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന് വളർച്ച ഉണ്ടാവില്ലെന്ന് അവർ അറിഞ്ഞത്. ഒരു സാധാരണ കർഷക കുടുംബത്തിന് താങ്ങാവുന്നതിലും മേലെയായിരുന്നു ചികിത്സാ ചിലവുകൾ. എന്നാൽ ഗർഭിണി ആയിരിക്കുമ്പോൾ രണ്ട് തവണ കുട്ടികളെ നഷ്ടപ്പെട്ട മാതാവ് ഖാത്തൂൻ മകനെ പൊന്നുപോലെ വളർത്തി. ഫ്രൂട്ട് ഫാമിൽ ജോലി ചെയ്തിരുന്ന മാതാവും, നിർമ്മാണ തൊഴിലാളിയായ പിതാവും മാറിമാറിയാണ് കുഞ്ഞിനെ പരിചരിച്ചത്.

ഈ റെക്കോർഡിന് മാന്ത്രിക ശക്തി ഉണ്ടെന്നും, നേരം പുലർന്നപ്പോൾ അതെന്നെ പ്രശസ്തനാക്കിയിരിക്കുന്നു എന്നുമാണ് ഇറാൻ പ്രവിശ്യയായ അസർബൈജാനിലെ ബുക്കാനിൽ ഒരു ഗ്രാമത്തിൽ ജനിച്ച 21കാരനായ അഫ്ഷിൻ പറഞ്ഞത്. 65.24 സെന്റി മീറ്റർ ആണ് അഫ്ഷിന്റെ ഉയരം. നാട്ടിൽ ഏവർക്കും പ്രിയങ്കരനായ അദ്ദേഹത്തിന് കുർദിഷ്, പേർഷ്യൻ ഭാഷകളും വശമുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുക എന്നതാണ് അഫ്ഷിന്റെ ലക്ഷ്യം. ഇങ്ങനൊരു മകനെ ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ് മാതാപിതാക്കൾ.