അമ്മയ്ക്ക് നീലക്കുറിഞ്ഞി കാണാന്‍ മോഹം; കയ്യിലെടുത്ത് കൊണ്ട് പോയി മക്കള്‍
കോട്ടയം: കോട്ടയംകാരിയായ 87 വയസുള്ള ഏലിക്കുട്ടി തൻ്റെ മക്കളോട് നീലക്കുറിഞ്ഞി പൂത്തത് കാണണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. മക്കൾ മറ്റൊന്നും നോക്കിയില്ല, ആ അമ്മയുടെ ആഗ്രഹം അങ്ങ് നിറവേറ്റിക്കൊടുത്തു. പ്രായമായ മാതാപിതാക്കൾ തങ്ങൾക്ക് ഒരു ഭാരമാണെന്ന് കരുതുന്ന മക്കളുള്ള ഒരു ലോകത്തിലെ വ്യത്യസ്ത കാഴ്ചയാണിത്.
കോട്ടയം മുട്ടുചിറ സ്വദേശി റോജനും കുടുംബവും ഇടുക്കി കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് കാണാൻ തീരുമാനിച്ചു. 87 കാരിയായ അമ്മ ഏലിക്കുട്ടി ഇക്കാര്യം അറിഞ്ഞപ്പോൾ തന്‍റെ ആഗ്രഹം രഹസ്യമായി മകനോട് പറഞ്ഞു. മക്കളായ റോജനും സഹോദരൻ സത്യനും അതോടെ അമ്മയുടെ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ചു.
അങ്ങനെ അവർ അമ്മയെ കള്ളിപ്പാറയില്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞിയുടെ സുന്ദരമായ ലോകത്തേക്ക് കൊണ്ടുപോയി. കുട്ടികൾ ആയിരിക്കെ തങ്ങളെ എടുത്ത് നടന്ന അമ്മയെ മലമുകളിലേക്ക് കയ്യിൽ എടുത്താണ് മക്കൾ എത്തിയത്.