പരിസ്ഥിതി ലോല മേഖലയിൽ പുതിയ ഉത്തരവ്: ജനവാസ മേഖല, കൃഷിയിടങ്ങൾ ഒഴിവാക്കും

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളാണ് ഇന്ന് ഉത്തരവായി പുറത്തിറക്കിയത്.

വനാതിർത്തിയുടെ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള 2019 ലെ സർക്കാർ ഉത്തരവ് പുതിയ ഉത്തരവോടെ ഇല്ലാതാകും. പരിസ്ഥിതി ലോല വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സർക്കാരിന്റെ നീക്കം. തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി.