പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യവുമായി നിതീഷ് കുമാറിൻ്റെ ‘ദേശീയ യാത്ര’
പട്ന: രാജ്യത്ത് പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഏപ്രിൽ-മെയ് മാസങ്ങളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ദേശീയ പര്യടനം. ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ചിൽ അവസാനിച്ച ശേഷം രാജ്യത്തുടനീളം പര്യടനം നടത്തുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ നിതീഷിന്‍റെ ‘സമാധാൻ യാത്ര’യ്ക്ക് തുടക്കമിട്ടപ്പോഴാണ് ദേശീയ യാത്രയുടെ സൂചന പുറത്തുവന്നത്.
മദ്യദുരന്തങ്ങളും ക്രമസമാധാന പ്രശ്നങ്ങളും മൂലം ദുരിതത്തിലായ ബീഹാർ സർക്കാരിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 16 ദിവസം നീണ്ടുനിൽക്കുന്ന ‘സമാധാൻ യാത്ര’ നടത്തുന്നത്.
നിതീഷ് കുമാറിന്‍റെ ദേശീയ യാത്രയ്ക്കായി ബിഹാർ സർക്കാർ 350 കോടി രൂപ മുടക്കി പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങുകയാണെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി ആരോപിച്ചു. നിതീഷ് കുമാർ രാജ്യത്തുടനീളം കറങ്ങിനടന്നാലും പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്നും സുശീൽ മോദി പറഞ്ഞു.